ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സീ എന്റർടെയിൻമെന്റിന്; ഓഹരി വിപണിയിൽ വൻ കുതിപ്പ്

📅 June 01, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ സീ എന്റർടെയിൻമെന്റ് ലിമിറ്റഡ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. കമ്പനിയുടെ ഓഹരി വില ഇൻട്രാഡേയിൽ ഏഴു ശതമാനത്തോളം ഉയർന്നു. 94.10 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി ഒരു ഘട്ടത്തിൽ 99.72 രൂപ വരെ ഉയർന്ന നിലയിലെത്തി. സംപ്രേക്ഷണാവകാശം ലഭിക്കുമെന്ന സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 20 ശതമാനത്തോളമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിംഗിലൂടെയാണ് 2026, 2030 വർഷങ്ങളിലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം ലഭിച്ച കാര്യം സീ എന്റർടെയിൻമെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടൊപ്പം 2027-ലെ വനിതാ ലോകകപ്പ് ഉൾപ്പെടെ 2034 വരെയുള്ള ഫിഫയുടെ പ്രധാന കായിക ഇനങ്ങളുടെ സംപ്രേക്ഷണാവകാശവും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനായി നാല് പുതിയ സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, സീയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ 5 വഴിയും ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട ഭാഷകളിൽ മത്സരങ്ങൾ കാണാൻ സാധിക്കും.

കരാർ തുക സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഫയലിംഗിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏകദേശം 3-3.5 കോടി ഡോളർ ചെലവിട്ടാണ് അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻപ് 2022-ലെ ലോകകപ്പ് സംപ്രേക്ഷണം ചെയ്ത പ്ലാറ്റ്‌ഫോമുകൾ ഇത്തവണയും കരാറിനായി ശ്രമിച്ചിരുന്നെങ്കിലും ഫിഫ അത് പരിഗണിച്ചിരുന്നില്ല. ഇതിൽ 2 കോടി ഡോളർ വരെ വാഗ്ദാനം നൽകിയിട്ടും ഫിഫ അത് നിരസിക്കുകയായിരുന്നു.



Original article: News Kerala


Labels: Business, India, Sports, Tech News
« Newer Post Older Post »
Link Copied! ✅