ചന്ദ്രയാത്ര ലക്ഷ്യമിട്ടുള്ള നാസയുടെ ആർട്ടെമിസ് 3 ദൗത്യത്തിനായുള്ള അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാസയുടെ റാൻഡി ബ്രെസ്നിക് ആണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിച്ച് ഇറ്റാലിയൻ സ്വദേശിയായ ലൂക്ക പാർമിറ്റാനോ മിഷൻ പൈലറ്റായും, നാസയുടെ ഫ്രാങ്ക് റൂബിയോ, ആൻഡ്രെ ഡഗ്ലസ് എന്നിവർ മിഷൻ സ്പെഷ്യലിസ്റ്റുകളായും പ്രവർത്തിക്കും. ഇത്തവണത്തെ ദൗത്യ സംഘത്തിൽ വനിതകളില്ല.
2027-ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഒറയോൺ പേടകം രണ്ട് വ്യത്യസ്ത ലാൻഡറുകളുമായി നടത്തുന്ന ഡോക്കിംഗ് പരീക്ഷണങ്ങളാണ്. ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുമായും സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്എൽഎസ് പതിപ്പുമായും പേടകം ഡോക്കിംഗ് നടത്തും. ചെറിയ ഇടവേളകളിൽ ഈ ലാൻഡറുകളും ഒറയോൺ പേടകവും വിക്ഷേപിക്കുകയെന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി. ആദ്യം ബ്ലൂ മൂൺ വിക്ഷേപിച്ച ശേഷം, എസ്എൽഎസ് റോക്കറ്റിൽ നാല് യാത്രികർ ഒറയോണിൽ ബഹിരാകാശത്തെത്താനാണ് പദ്ധതി. തുടർന്ന് ബ്ലൂ മൂണുമായുള്ള ഡോക്കിംഗും വേർപെടലും പൂർത്തിയാക്കി, പിന്നീട് സ്റ്റാർഷിപ്പുമായും ഡോക്കിംഗ് നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർട്ടെമിസ് 4 ദൗത്യത്തിന് മുൻപായി സ്റ്റാർഷിപ്പ് എച്ച്എൽഎസ് ലാൻഡർ മനുഷ്യരില്ലാതെ ചന്ദ്രനിൽ ലാൻഡിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
Original article: News Kerala
Labels: India, international, Main, Tech News