സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) തങ്ങളുടെ ഒഎസ്എം പോർട്ടലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഔദ്യോഗികമായി നിഷേധിച്ചു. പോർട്ടലിൽ സുരക്ഷാ വീഴ്ചയോ വിവരങ്ങൾ ചോർന്നോ എന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ചോർന്നിട്ടില്ലെന്നും, എട്ട് ലക്ഷത്തിലധികം ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കുന്ന പോർട്ടലും ഒഎസ്എം പോർട്ടലും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സിബിഎസ്ഇ വിശദീകരിക്കുന്നു. നിശ്ചിത ഇ-മെയിൽ വിലാസങ്ങൾ വഴിയും ഔദ്യോഗിക പോർട്ടലുകൾ വഴിയുമാണ് ഉത്തരപ്പേപ്പറുകളുടെ പകർപ്പുകൾ വിതരണം ചെയ്യുന്നത്.
പുനർമൂല്യനിർണയ വെബ്സൈറ്റിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ചുവരികയാണ്. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി അഭിപ്രായപ്പെട്ടിരുന്നു. സേവനങ്ങൾ തടസ്സപ്പെടുത്താൻ ബോധപൂർവമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നതിലേക്ക് സമിതിയുടെ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. ഫീസ് അടയ്ക്കുന്ന ഗേറ്റ്‌വേയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണവും പരിശോധനാ വിഷയമാണ്. വെബ്സൈറ്റ് പരിപാലനത്തിനായി നിലവിൽ നാല് വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്.
അതേസമയം, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിക്കാൻ 29 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ പ്രക്രിയ ഇപ്പോൾ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, നിലവിലെ ഒഎസ്എം ഫലം റദ്ദാക്കി പുനർ മൂല്യനിർണയം നടത്തണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്.
Original article: News Kerala
Labels: India, Kerala, Main, Tech News