ചിറയിൻകീഴ് അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അത്യാധുനിക റിമോട്ട് നിയന്ത്രിത ലൈഫ് ബോയ് സജ്ജമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനായി ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ് ഈ ഉപകരണം. കേന്ദ്ര സർക്കാരിന്റെ മികച്ച സ്റ്റാർട്ടപ് പുരസ്കാരത്തിനും ഇന്ത്യൻ നാവികസേനയുടെ അംഗീകാരത്തിനും ഈ സാങ്കേതികവിദ്യ അർഹമായിട്ടുണ്ട്.
മുതലപ്പൊഴിയിലെ ശക്തമായ തിരമാലകളെ അതിജീവിക്കാൻ കഴിയുന്ന വിധത്തിലുള്ള ട്രിമാരൻ വി-ആകൃതിയിലുള്ള ഘടനയാണ് ഇതിനുള്ളത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ അപകടത്തിൽപ്പെട്ടവരുടെ അടുത്തേക്ക് കുതിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. തുരുമ്പ് പിടിക്കാത്ത രീതിയിൽ മറൈൻ ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് ഇതിന്റെ ത്രസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രക്ഷാപ്രവർത്തകർക്ക് കരയിൽ നിന്നോ ബോട്ടിൽ നിന്നോ ഒരു കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ നിന്ന് റിമോട്ട് വഴി ഇത് നിയന്ത്രിക്കാൻ സാധിക്കും. രണ്ടു മണിക്കൂർ കൊണ്ട് 90 ശതമാനം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. സാധാരണ വേഗതയിൽ അരമണിക്കൂറിലധികം പ്രവർത്തനക്ഷമമാകുന്ന ഈ ലൈഫ് ബോയ്, സാങ്കേതിക തകരാറുകൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ കണ്ടെത്താനും സഹായിക്കും. അപകടം നടക്കുന്ന മേഖലയിലേക്ക് നേരിട്ട് പോകാതെ തന്നെ, റിമോട്ട് നിയന്ത്രണത്തിലൂടെ അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംവിധാനം വഴിയൊരുക്കും. മുതലപ്പൊഴിയിലെ പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് ഈ ഉപകരണം വലിയ കരുത്താകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Original article: News Kerala
Labels: Kerala, Main, Tech News, Thiruvannathapuram