ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഗൂഗിൾ സ്റ്റോറേജ് പരിധിയിൽ മാറ്റം വരുന്നു; സൗജന്യ സേവനം കുറയ്ക്കാൻ നീക്കം

📅 June 23, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

ഉപയോക്താക്കൾക്ക് നൽകിവരുന്ന സൗജന്യ ക്ലൗഡ് സ്റ്റോറേജ് പരിധിയിൽ ഗൂഗിൾ മാറ്റങ്ങൾ വരുത്തുന്നു. നിലവിൽ ലഭിച്ചുവരുന്ന 15 ജിബി സ്റ്റോറേജിന് പകരം, പുതിയ അക്കൗണ്ടുകൾക്ക് 5 ജിബി മാത്രമായി പരിമിതപ്പെടുത്തുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടികളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ബാക്കി സ്റ്റോറേജ് ലഭിക്കുന്നതിനായി ഉപയോക്താക്കൾ തങ്ങളുടെ ഫോൺ നമ്പർ നൽകുകയും അത് വെരിഫൈ ചെയ്യുകയും വേണം. ചില നിശ്ചിത മേഖലകളിലാണ് നിലവിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. ഗൂഗിൾ തങ്ങളുടെ സപ്പോർട്ട് പേജിലെ വിവരണം 15 ജിബിയിൽ നിന്ന് “അപ്പ് ടു 15 ജിബി” (up to 15 GB) എന്നാക്കി മാറ്റിയിട്ടുണ്ട്. നിലവിലുള്ള ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ലെങ്കിലും, സ്റ്റോറേജ് മാനേജ്‌മെന്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജിമെയിൽ, ഡ്രൈവ്, ഫോട്ടോസ് എന്നിവയ്ക്കെല്ലാം കൂടി മൊത്തം 15 ജിബി എന്ന രീതിയിലാണ് നിലവിൽ സ്റ്റോറേജ് ക്രമീകരിച്ചിരിക്കുന്നത്. 2021 ജൂൺ മുതൽ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയും ഇതിന്റെ പരിധിയിൽ വരുന്നുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്ആപ്പ് ബാക്കപ്പുകളും ഈ സ്റ്റോറേജിൽ നിന്നാണ് കുറയുന്നത്. സ്പേസ് ഒഴിവില്ലാത്ത അവസ്ഥയുണ്ടായാൽ ഇമെയിലുകൾ ലഭിക്കാതിരിക്കാനും ഡ്രൈവിലേക്ക് പുതിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യവും ഉടലെടുക്കാം.

സ്റ്റോറേജ് വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ഗൂഗിൾ വൺ സ്റ്റോറേജ് മാനേജർ: സ്റ്റോറേജ് മാനേജർ ഉപയോഗിച്ച് വലിയ ഫയലുകൾ, ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ, ഉപയോഗമില്ലാത്ത വീഡിയോകൾ എന്നിവ കണ്ടെത്തി നീക്കം ചെയ്യാം. ഡെസ്ക്ടോപ്പ് വഴി ഇത് ചെയ്യുന്നതാണ് കൂടുതൽ എളുപ്പം.
2. ഇമെയിൽ അറ്റാച്ച്‌മെന്റുകൾ: വലിയ അറ്റാച്ച്‌മെന്റുകളുള്ള പഴയ മെയിലുകൾ കണ്ടെത്തി ഒഴിവാക്കുക. ഇതിനായി ജിമെയിലിലെ സെർച്ച് ഫിൽട്ടറുകൾ (ഉദാഹരണത്തിന്: larger:10M) ഉപയോഗിക്കാവുന്നതാണ്.
3. ഗൂഗിൾ ഫോട്ടോസ്: അനാവശ്യമായ വീഡിയോകളും മങ്ങിയ ചിത്രങ്ങളും നീക്കം ചെയ്യുക. ഫോട്ടോകളുടെ ക്വാളിറ്റി അല്പം കുറച്ചുകൊണ്ട് ‘സ്റ്റോറേജ് സേവർ’ ഓപ്ഷൻ വഴി കൂടുതൽ സ്പേസ് ലഭിക്കാൻ സാധിക്കും.
4. ബാക്കപ്പ് ക്രമീകരണം: ആവശ്യമില്ലാത്ത ഫോൾഡറുകളുടെ ബാക്കപ്പ് ഓഫ് ചെയ്യുക. പ്രത്യേകിച്ച് സ്ക്രീൻഷോട്ടുകൾ, ഡൗൺലോഡുകൾ, വാട്ട്‌സ്ആപ്പ് മീഡിയ എന്നിവയുടെ ബാക്കപ്പ് ഓഫ് ചെയ്യുന്നത് സ്പേസ് ലാഭിക്കാൻ സഹായിക്കും.

ഫോട്ടോകൾ ക്ലൗഡിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഫോണിൽ നിന്നും അത് മായുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ബാക്കപ്പ് ഓപ്ഷൻ പരിശോധിക്കണം. സ്പേസ് തീരുന്നത് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കൃത്യമായ ഇടവേളകളിൽ സ്റ്റോറേജ് പരിശോധിച്ച് അനാവശ്യ ഫയലുകൾ നീക്കം ചെയ്യുന്നത് ഉചിതമായിരിക്കും.



Original article: News Kerala


Labels: Main, Tech News
« Newer Post Older Post »
Link Copied! ✅