ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

കേരളത്തിൽ സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് തുടക്കമായി

📅 June 16, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

2027-ലെ സെൻസസ് നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി എന്നിവർ സെൽഫ് എന്യൂമറേഷൻ നിർവഹിച്ചു.

ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഔദ്യോഗിക സെൻസസ് പോർട്ടലായ https://se.census.gov.in/ വഴി വിവരങ്ങൾ സമർപ്പിച്ചു. മാസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രി സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിലേക്കാണ് എത്തുന്നതെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിപ്രായപ്പെട്ടു. ഈ ദൗത്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ആവശ്യമായ ആസൂത്രണം നടത്തുന്നത് സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാൽ എല്ലാ പൗരന്മാരും ഇതിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. ടി. മിത്ര, ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി, ജില്ലാ കളക്ടർ അനു കുമാരി, സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തന രീതി
ഇന്ന് ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാം. പൗരന്മാർ സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശന വേളയിൽ എന്യൂമറേറ്റർമാർ പരിശോധിച്ച് ഉറപ്പുവരുത്തും. അധ്യാപകരും സർക്കാർ ജീവനക്കാരും അടങ്ങുന്ന സംഘത്തെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിശ്ചയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാകും നടപടികൾ.

ഹൗസ് ലിസ്റ്റിങ് ഓപ്പറേഷൻ ആപ്പ് വഴിയാകും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുക. മുഴുവൻ സെൻസസ് പ്രവർത്തനങ്ങളും ‘സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം’ വെബ് പോർട്ടൽ മുഖേനയാണ് ഏകോപിപ്പിക്കുന്നത്. സെൻസസിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും.



Original article: News Kerala


Labels: Apps, India, Kerala, Kollam, Main, Politics, Tech News
« Newer Post Older Post »
Link Copied! ✅