ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഗൂഗിൾ മാപ്പിലെ പിഴവ്: വണ്ടാനം മെഡിക്കൽ കോളജ് തേടി എത്തുന്നവർ വഴി തെറ്റുന്നു

📅 June 02, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് എത്തുന്നവർക്ക് ഗൂഗിൾ മാപ്പ് നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വണ്ടാനം ടൗണിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ അകലെയുള്ള ആര്യാട് പഞ്ചായത്തിലെ ചാരംപറമ്പ് ജംക്‌ഷനിലാണ് നിലവിൽ ഗൂഗിൾ മാപ്പിൽ മെഡിക്കൽ കോളജ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ആര്യാട് പഞ്ചായത്തിലെ 6, 7 വാർഡുകൾ ചേരുന്ന ഭാഗത്താണ് ഈ ജംക്‌ഷൻ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ ജംക്‌ഷനിലെ മഹാദേവ സ്റ്റോഴ്സിന് മുന്നിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. മെഡിക്കൽ കോളജിലേക്കുള്ള വഴി അന്വേഷിച്ച് ആംബുലൻസുകൾ ഉൾപ്പെടെ ഇവിടെ എത്തുന്നത് പതിവ് കാഴ്ചയായി മാറുന്നു. കടയുടമയായ പുഷ്പകുമാർ (മോഹനൻ) ആണ് ദിനംപ്രതി എത്തുന്ന യാത്രക്കാർക്ക് വഴി പറഞ്ഞു മടുക്കുന്നത്.

രണ്ട് മാസം മുൻപ് മഹാരാഷ്ട്രയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് വഴി തെറ്റി എത്തിയപ്പോഴാണ് ഈ പിഴവ് പുറത്തറിയുന്നത്. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ഇതിൽ കൂടുതലും. പ്രധാനമായും അമ്പലപ്പുഴ അല്ലെങ്കിൽ വണ്ടാനം എന്ന് മാപ്പിൽ സെർച്ച് ചെയ്യാൻ മാത്രമാണ് ഇദ്ദേഹം യാത്രക്കാരോട് നിർദ്ദേശിക്കാറുള്ളത്.

അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവരുടെ സമയം ഇത്തരം സാങ്കേതിക പിഴവുകൾ മൂലം നഷ്ടപ്പെടുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടിയന്തരമായി ഗൂഗിൾ മാപ്പിലെ വിവരങ്ങൾ തിരുത്തണമെന്നും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാവണമെന്നും പുഷ്പകുമാർ ആവശ്യപ്പെടുന്നു.



Original article: News Kerala


Labels: Alappuzha, Apps, Kerala, Main, Tech News
« Newer Post Older Post »
Link Copied! ✅