ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

സെൻസസ് 2027: വിവരശേഖരണത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

📅 June 12, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

സെൻസസ്-2027ന്റെ ഭാഗമായുള്ള വിവരശേഖരണ നടപടികൾ പുരോഗമിക്കവേ, ഉദ്യോഗസ്ഥരോട് സഹകരിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസറും കലക്ടറുമായ ആനി ജൂല തോമസ് അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു നടപടിയും ശിക്ഷാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി.

നിരോധിത നടപടികൾ
ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുക, എന്യൂമറേറ്റർമാരെ വീടുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുക, സെൻസസ് ആവശ്യത്തിനായി വീടുകളിൽ പതിപ്പിക്കുന്ന അടയാളങ്ങൾ നീക്കം ചെയ്യുക, ഔദ്യോഗിക സെൻസസ് ഷെഡ്യൂൾ ഫോം പൂരിപ്പിക്കാൻ വിസമ്മതിക്കുക എന്നിവ കുറ്റകരമാണ്. കൂടാതെ, സെൻസസ് ആവശ്യങ്ങൾക്കായി കെട്ടിടങ്ങളോ വാഹനങ്ങളോ സ്ഥലമോ വിട്ടുനൽകാൻ ഉത്തരവിട്ടാൽ അത് ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള ഈ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും പൂർണമായി സഹകരിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. താലൂക്ക്, കോർപറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ 50 പേർ വീതമുള്ള ബാച്ചുകളായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി വരുന്നു.

സെൽഫ് എന്യൂമറേഷൻ സൗകര്യം
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള അവസരം ലഭ്യമാണ്. 16-ാം തീയതി മുതൽ 30-ാം തീയതി വരെ ഈ സേവനം ഉപയോഗിക്കാം. ഏകദേശം 15 മുതൽ 20 മിനിറ്റിനുള്ളിൽ വിവരങ്ങൾ സമർപ്പിക്കാൻ സാധിക്കും. വിജയകരമായി നടപടികൾ പൂർത്തിയാക്കുന്നവർക്ക് ‘H’ അക്ഷരത്തിൽ തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (എസ്ഇ ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ ഐഡി കൈമാറി വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കാവുന്നതാണ്. 30-ാം തീയതിക്കുള്ളിൽ വിവരങ്ങൾ സമർപ്പിക്കാത്തവരുടെ വിവരങ്ങൾ പിന്നീട് ഉദ്യോഗസ്ഥർ നേരിട്ടെത്തി ശേഖരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ https://se.census.gov.in/ സന്ദർശിക്കാവുന്നതാണ്.



Original article: News Kerala


Labels: Kerala, Kollam, Main, Tech News
« Newer Post Older Post »
Link Copied! ✅