ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

മഞ്ഞിൻ പുതപ്പണിഞ്ഞ് പൊന്മുടി; വേനൽമഴ കനിഞ്ഞതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

📅 May 16, 2026 | BY SUDHEER KABEER

വേനൽച്ചൂടിൽ വിറങ്ങലിച്ചു നിന്ന പൊന്മുടിയിൽ കാലാവസ്ഥയിൽ വലിയ മാറ്റം. വേനൽമഴ ശക്തമായതോടെ പൊന്മുടിയിൽ പ്രകൃതിയുടെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടാൻ മഞ്ഞും കുളിരും എത്തിയിരിക്കുകയാണ്. വാകമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് മലനിരകളുടെ ചാരുത വർധിപ്പിക്കുന്നു. മെയ് മാസം ആരംഭിച്ചതുമുതൽ പൊന്മുടിയിൽ മഴ പതിവായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ കോടമഞ്ഞ് മലനിരകളെ പുതയ്ക്കുന്നത് സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അപൂർവമായി മാത്രം കണ്ടു വന്ന കോടമഞ്ഞ് ഇപ്പോൾ സ്ഥിരമായി അനുഭവപ്പെടുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. തൊട്ടടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ കഴിയാത്ത വിധം മഞ്ഞ് ഇറങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. വേനലവധിക്ക് തുടക്കത്തിൽ എത്തിയവർക്ക് മഞ്ഞ് കാണാനാകാതെ മടങ്ങേണ്ടി വന്നിരുന്നെങ്കിലും, നിലവിൽ അന്തരീക്ഷം സഞ്ചാരികൾക്ക് അനുകൂലമാണ്.

അതേസമയം, ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. മുൻപ് ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ, അപകടകരമായ കാലാവസ്ഥയിൽ മലനിരകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാറുണ്ട്.

കഴിഞ്ഞ രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വലിയ ജനത്തിരക്കാണ് പൊന്മുടിയിൽ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ മാത്രം 10,051 പേരാണ് പൊന്മുടി സന്ദർശിച്ചത്. 3,200 വാഹനങ്ങൾ മലനിരകളിലേക്ക് എത്തി. വനം വകുപ്പിന് പാസ് ഇനത്തിൽ 6.20 ലക്ഷം രൂപ വരുമാനവും ലഭിച്ചു. കെടിഡിസി ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പിഡബ്ല്യൂഡി ക്യാംപ് ഷെഡ് എന്നിവയ്‌ക്കൊപ്പം സ്വകാര്യ റിസോർട്ടുകളിലും സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അവധിക്കാലം അവസാനിക്കുന്നതിന് മുൻപ് സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സഞ്ചാരികളുടെ ഭാഷയിൽ പറഞ്ഞാൽ ‘പോകാൻ പറ്റിയ സമയം.’

Uploaded Image
« Newer Post Older Post »
Link Copied! ✅