ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

നിഴലായി ദേശീയപാത വികസനം: തിരുവനന്തപുരം റീച്ചിൽ നിർമാണം ഇഴയുന്നു; ആശങ്കയിൽ യാത്രക്കാർ

📅 May 15, 2026 | BY SUDHEER KABEER

കന്യാകുമാരി–പൻവേൽ (എൻഎച്ച് 66) ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അതീവ മന്ദഗതിയിൽ. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ പദ്ധതി പുരോഗമിക്കുമ്പോഴും തലസ്ഥാന ജില്ലയിലെ നിർമാണങ്ങൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്. 3,463 കോടി രൂപ ചെലവിൽ നിർമിക്കുന്ന 29.83 കിലോമീറ്റർ നീളമുള്ള ആറുവരി പാതയുടെ നിർമാണം 2025 ഓഗസ്റ്റിൽ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് 2025 ഡിസംബർ വരെ നീട്ടിയെങ്കിലും, ദേശീയപാത അതോറിറ്റിയുടെ ഏറ്റവും പുതിയ സമയപരിധി പ്രകാരം ഈ മാസം 30-നകം പദ്ധതി പൂർത്തിയാകേണ്ടതുണ്ട്. എന്നാൽ നിലവിലെ സ്ഥിതിഗതികൾ പ്രകാരം ഇത് അസാധ്യമാണ്. കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പദ്ധതിയുടെ പുരോഗതി 47% മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

കഴക്കൂട്ടം–വെട്ടുറോഡ് മേഖലയിൽ സിഎസ്ഐ ആശുപത്രിക്കു മുന്നിൽ ആരംഭിക്കുന്ന പാതയുടെ പ്രവൃത്തികൾ രണ്ട് വർഷമായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. സർവീസ് റോഡ് മാത്രമാണ് കാര്യമായി പൂർത്തിയായിട്ടുള്ളത്. വെട്ടുറോഡ് മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്യാൻ തന്നെ ഇനിയും മാസങ്ങൾ വേണ്ടിവരും. ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയും ആംബുലൻസുകളെയും സാരമായി ബാധിക്കുന്നുണ്ട്.

കണിയാപുരം ഭാഗത്ത് രണ്ട് അടിപ്പാതകളിൽ ഒരെണ്ണം പൂർത്തിയായെങ്കിലും മറ്റൊന്നിന്റെ പണി ഇഴയുകയാണ്. പള്ളിപ്പുറം, മംഗലപുരം മേഖലകളിൽ റോഡ്, പാലം നിർമാണങ്ങൾ യാതൊരു പുരോഗതിയുമില്ലാതെ തുടരുന്നു. നിർമാണം നീളുന്നതിലൂടെയുണ്ടാകുന്ന പൊടിശല്യം മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്.

മണമ്പൂർ മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെയുള്ള നിർമാണ പ്രവർത്തനങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നു. പ്രധാന ജംക്‌ഷനുകളിലെ മേൽപാലങ്ങൾ, മണ്ണിട്ടുറപ്പിക്കൽ, സൈഡ് കോൺക്രീറ്റ് എന്നിവ പാതിവഴിയിലാണ്. നിർമാണ മേൽനോട്ടത്തിലും ഗുണനിലവാര പരിശോധനയിലും വീഴ്ചയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. വേനൽമഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. ഇതിനിടയിൽ, നിർമാണ സാമഗ്രികളും വിലപിടിപ്പുള്ള യന്ത്രങ്ങളും മോഷണം പോകുന്നതും പദ്ധതി നടത്തിപ്പിന് വെല്ലുവിളിയായിട്ടുണ്ട്.

Uploaded Image
« Newer Post Older Post »
Link Copied! ✅