ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ചേർത്തലയിലും തണ്ണീർമുക്കത്തും ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

📅 May 16, 2026 | BY SUDHEER KABEER

ചേർത്തല നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്തിലും ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തണ്ണീർമുക്കം പഞ്ചായത്തിലെ നാലര വയസ്സുകാരനും ചേർത്തല നഗരസഭയിലെ 80 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

രണ്ടു ദിവസത്തിനിടെ സമീപ പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഭരണകൂടം നിർദേശം നൽകി. ചേർത്തല നഗരസഭാ പരിധിയിൽ രോഗബാധയുണ്ടായ പ്രദേശങ്ങളിലും പരിസരങ്ങളിലും കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നഗരസഭാ അധ്യക്ഷൻ എസ്. സോബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തണ്ണീർമുക്കം പഞ്ചായത്തിലും അടിയന്തര അവലോകന യോഗം ചേർന്ന് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർമാരായ ഡോ. ജയന്തി, ഡോ. മനു മഹീധരൻ, വൈസ് പ്രസിഡന്റ് ലിജി, സെക്രട്ടറി സുരേഷ്‌ കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സുമേഷ്, പ്രവീൺ. ജി. പണിക്കർ, യമുന, ഹെൽത്ത് ഇൻസ്പെക്ടർ ഹരിലാൽ എന്നിവർ പങ്കെടുത്തു.

ജപ്പാൻ ജ്വരത്തിന് പുറമെ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെയും പശ്ചാത്തലത്തിൽ, രോഗപ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഇന്ന് രാവിലെ 10-ന് എൻഎസ്എസ് യൂണിയൻ ഹാളിൽ പ്രത്യേക യോഗം ചേരും. നിയുക്ത എംഎൽഎ പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.

Uploaded Image
« Newer Post Older Post »
Link Copied! ✅