ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ഉപയോക്താക്കൾക്കായി പുതിയ എഡിറ്റിംഗ് ആപ്ലിക്കേഷനായ ക്യാപ്‌കട്ട് പാഡ് പുറത്തിറക്കി. ഔദ്യോഗികമായി എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. നേരത്തെ ടാബ്‌ലെറ്റുകളിൽ ലഭ്യമായിരുന്ന ആപ്പ് ഫോൺ പതിപ്പിന്റെ വലുപ്പം കൂടിയ പതിപ്പ് മാത്രമായിരുന്നുവെങ്കിൽ, പുതിയ അപ്‌ഡേറ്റിലൂടെ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുകയാണ് കമ്പനി ചെയ്യുന്നത്.
പ്രധാന പ്രത്യേകതകൾ
ടാബ്‌ലെറ്റുകൾക്ക് അനുയോജ്യമായ വലിയ വർക്ക് സ്പേസ് ഏരിയയാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. വീഡിയോ, ഫോട്ടോ എഡിറ്റിംഗിന് ആവശ്യമായ മുഴുവൻ ടൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വലിയ തോതിലുള്ള ഇൻ-ആപ്പ് ഫോണ്ടുകളും ഇഫക്റ്റുകളും ഉപയോക്താക്കൾക്ക് ലഭ്യമാണ്. കീഫ്രെയിം ആനിമേഷൻ, സ്മൂത്ത് സ്ലോ മോഷൻ, ക്രോമ കീ, വീഡിയോ സ്റ്റെബിലൈസേഷൻ തുടങ്ങി പ്രൊഫഷണൽ ഫീച്ചറുകളും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുന്ന രീതിയിൽ 4K, 60fps വിത്ത് HDR എക്സ്‌പോർട്ട് സൗകര്യവും ആപ്പിൽ ഉണ്ട്.
ഉപയോഗക്ഷമതയും ലഭ്യതയും
ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രോജക്റ്റുകൾ ഏത് ഉപകരണത്തിലൂടെയും ആക്സസ് ചെയ്യാൻ സാധിക്കും. ഒരു ഫോണിൽ എഡിറ്റിംഗ് ആരംഭിച്ച ശേഷം ടാബ്‌ലെറ്റിലേക്കോ ഡെസ്‌ക്‌ടോപ്പിലേക്കോ മാറ്റി എഡിറ്റിംഗ് തുടരാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു. നിലവിൽ പ്ലേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാണ്. നിലവിൽ സൗജന്യമായാണ് ആപ്പ് നൽകുന്നത്. ഡൗൺലോഡ് നിരക്കുകളോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസോ നിലവിൽ ഈടാക്കുന്നില്ല. എല്ലാ ഫീച്ചറുകളും ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാം. ഡിസംബറിൽ പുറത്തിറങ്ങിയ ഐപാഡ് പതിപ്പ് ഇപ്പോഴും സൗജന്യമായി തുടരുന്നതുകൊണ്ട് തന്നെ ആൻഡ്രോയിഡ് പതിപ്പും വരും മാസങ്ങളിൽ സൗജന്യമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Original article: News Kerala
Labels: Apps, Tech News