ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

എംസി റോഡിൽ അപകടം: ചികിത്സയിലായിരുന്ന മകളും മരിച്ചു; ദുരന്തമായത് ബാങ്ക് ആവശ്യത്തിനുള്ള മടക്കയാത്ര

📅 May 15, 2026 | BY SUDHEER KABEER

ചടയമംഗലം നിലമേലിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരണപ്പെട്ടു. പന്തളം മങ്ങാരം സെലിൻ നിവാസിൽ ഹൽബി ജലാൽ (21) ആണ് ചൊവ്വാഴ്ച രാത്രി അന്തരിച്ചത്. പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു ഹൽബി.

ചൊവ്വാഴ്ച രാത്രി പുതുശ്ശേരിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരുവനന്തപുരത്തുനിന്നു പന്തളത്തേക്കു മടങ്ങുകയായിരുന്നു ഇവർ. സ്കൂട്ടർ നിർത്തിയിട്ടിരുന്ന സമയത്ത് പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചതിനെ തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് ഇവരുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. അപകടം വരുത്തിയ വാഹനങ്ങൾ നിർത്താതെ പോയി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെങ്കിലും വാഹനങ്ങൾ കണ്ടെത്താനായിട്ടില്ല.

അപകടത്തിൽ ഹൽബിയുടെ മാതാവും ചെന്നീർക്കര പിഎച്ച്സിയിലെ നഴ്സിങ് അസിസ്റ്റന്റുമായിരുന്ന സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽവം മുഹമ്മദ് ഇതിനകം മരണപ്പെട്ടിരുന്നു. ഹൽബി വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ചടയമംഗലം പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് പന്തളത്തെ വീട്ടിലെത്തിച്ച ശേഷം മങ്ങാരം മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി. പരേതനായ ജലാലാണ് സെൽവം മുഹമ്മദിന്റെ ഭർത്താവ്. അജ്മൽ സഹോദരനാണ്.

ബാങ്ക് വായ്പ സംബന്ധമായ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയി മടങ്ങവേയായിരുന്നു അപകടം. വായ്പ തിരിച്ചടവ് സംബന്ധിച്ച നടപടികൾ വൈകിയതിനാൽ മടക്കയാത്ര വൈകിയതാണ് ഈ ദുരന്തത്തിൽ കലാശിച്ചത്. അകാലത്തിലുള്ള വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി.

Uploaded Image
« Newer Post Older Post »
Link Copied! ✅