ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ റിസർവ് ബാങ്ക്; പരീക്ഷണത്തിന് 10, 20 രൂപ നോട്ടുകൾ

📅 May 29, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

രാജ്യത്തെ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ കോട്ടൺ അധിഷ്ഠിത പേപ്പറിൽ അച്ചടിക്കുന്ന നോട്ടുകൾക്ക് പകരമായി പ്ലാസ്റ്റിക് അഥവാ പോളിമർ കറൻസി അവതരിപ്പിക്കാനാണ് അധികൃതരുടെ ആലോചന. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10, 20 രൂപയുടെ നോട്ടുകൾ പോളിമർ രൂപത്തിൽ പുറത്തിറക്കി പരീക്ഷണം നടത്താനാണ് തീരുമാനം.

പോളിമർ നോട്ടുകളുടെ ഗുണങ്ങൾ
പേപ്പർ നോട്ടുകൾക്ക് അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ഈടുനിൽപ്പ് കൂടുതലായിരിക്കും. നിലവിലെ കോട്ടൺ നോട്ടുകൾ ശരാശരി മൂന്ന് മുതൽ നാല് വർഷം വരെയാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. പൊടി, വെള്ളം, നോട്ടുകൾ മടക്കുന്ന ശീലം എന്നിവ മൂലം ഇവ പെട്ടെന്ന് നശിക്കാൻ സാധ്യതയുണ്ട്. എന്നാൽ പോളിമർ നോട്ടുകൾ എളുപ്പത്തിൽ മുഷിയില്ലെന്നതും പഴ്സിലും മറ്റും മടക്കി വെക്കാമെന്നതും വലിയ പ്രത്യേകതയാണ്. ഭാരക്കുറവും ഇവയുടെ പ്രത്യേകതയാണ്.

കണക്കുകൾ പറയുന്നതെന്ത്
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 2380 കോടി രൂപയുടെ നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണ്. ഇതിൽ ഭൂരിഭാഗവും 500 രൂപയുടെ നോട്ടുകളാണ്. കറൻസി അച്ചടിക്കായി 2024-25-ൽ 6372.8 കോടി രൂപയാണ് റിസർവ് ബാങ്ക് ചെലവാക്കിയത്. 2023-24-ൽ ഇത് 5101.4 കോടി രൂപയായിരുന്നു.

ഈ വർഷം മേയ് 15 വരെയുള്ള കണക്കുകൾ പ്രകാരം 42.86 ലക്ഷം കോടി രൂപയുടെ കറൻസിയാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർധനയാണിത്. പ്രചാരത്തിലുള്ളതിൽ 40 ശതമാനവും 500 രൂപ നോട്ടുകളാണ്.

സുരക്ഷയും സാങ്കേതികവിദ്യയും
കള്ളനോട്ടുകൾ നിർമ്മിക്കുന്നത് തടയാൻ പോളിമർ നോട്ടുകൾ സഹായിക്കും. കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നതാണ് കാരണം. 2012-ൽ തന്നെ ഇത്തരം ഒരു ആശയം റിസർവ് ബാങ്ക് പരിഗണിച്ചിരുന്നു. അന്ന് സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചെങ്കിലും, ഇന്ന് എടിഎം യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പോളിമർ നോട്ടുകളെ ഉൾക്കൊള്ളാൻ സജ്ജമാണ്.

ആഗോള മാതൃക
1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി നടപ്പിലാക്കിയത്. നിലവിൽ കാനഡ, യുകെ, ന്യൂസിലൻഡ്, മലേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ 60-ഓളം രാജ്യങ്ങൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് കറൻസി കൂടുതൽ കാലം ഈടുനിൽക്കുന്നതിനാൽ അച്ചടി ചെലവ് വൻതോതിൽ കുറയ്ക്കാൻ ഇന്ത്യക്കും സാധിക്കും.



Original article: News Kerala


Labels: Business, India, Main, Tech News
« Newer Post Older Post »
Link Copied! ✅