✍️ Author- Sudheer Kabeer
📞 Phone- 9020645214
മനസെന്ന മാന്ത്രികൻ
അധ്യായം 3- എന്റെ കുസൃതികൾ അഥവാ നിങ്ങളെ ആട്ടുന്ന നൂലുകൾ
🧠 "ഞാൻ മനസ്സാണ്."
എന്റെ ശക്തിയെക്കുറിച്ചും പ്രവർത്തനരീതിയെക്കുറിച്ചും ഇപ്പോൾ നിങ്ങൾക്ക് ഒരു ധാരണ കിട്ടിക്കാണുമല്ലോ- ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ചില കൊച്ചു കുസൃതികളെക്കുറിച്ച് പറയാം. കുസൃതി എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കത് ലളിതമായി തോന്നാം- എന്നാൽ സത്യത്തിൽ ഈ കുസൃതികൾ നിങ്ങളെ മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്ന വെറുമൊരു പാവയാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നൂലുകൾ മറ്റുള്ളവരുടെ കയ്യിൽ ഏൽപ്പിക്കുന്നത് എന്റെ ഈ വിദ്യകളാണ്. ഇതിന്റെ ലോജിക് മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾക്ക് ഈ പാവക്കൂത്തിൽ നിന്ന് മോചനം ലഭിക്കൂ.
പാവയും നൂലുകളും
ഒരു പാവക്കൂത്ത് നിങ്ങൾ കണ്ടിട്ടുണ്ടാകും- പാവ സ്വന്തമായിട്ടല്ല ചലിക്കുന്നത്- മറിച്ച് മുകളിലിരിക്കുന്ന ആൾ നൂലുകൾ വലിക്കുമ്പോഴാണ് പാവ കൈകാലുകൾ അനക്കുന്നത്. നിങ്ങളുടെ ജീവിതവും ഇപ്പോൾ ഏതാണ്ട് ഇതുപോലെയാണ്. നിങ്ങളുടെ ഉള്ളിൽ പതിഞ്ഞുപോയ ചില തെറ്റായ വിവരങ്ങൾ അഥവാ 'റോങ്ങ് ഡാറ്റ' (Wrong Data) എന്ന നൂലുകൾ ഉപയോഗിച്ചാണ് ഞാൻ നിങ്ങളെ ആട്ടുന്നത്. ഈ നൂലുകൾ വലിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ മറ്റുള്ളവർക്ക് മുന്നിൽ നൃത്തം ആടിത്തുടങ്ങും.
നമുക്ക് ചില ആധുനികമായ ഉദാഹരണങ്ങളിലൂടെ ഇത് വിശകലനം ചെയ്യാം-
🔗 Link- https://blog.sudheer.xyz/2026/04/mind-is-a-magician-3.html
😡 ഉദാഹരണം 1- ദേഷ്യം കൈമാറുന്ന പാവക്കൂത്ത്
ഓഫീസിൽ ഇരിക്കുമ്പോൾ നിങ്ങളുടെ മേലുദ്യോഗസ്ഥൻ അതീവ ക്രൂരമായി നിങ്ങളെ ശകാരിക്കുന്നു എന്ന് കരുതുക- ആ നിമിഷം നിങ്ങളുടെ ഉള്ളിൽ ഒരു 'ദേഷ്യത്തിന്റെ നൂൽ' രൂപപ്പെടുന്നു. എന്നാൽ ബോസിനോട് പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയില്ല- അതുകൊണ്ട് ഞാൻ ആ നൂൽ അവിടെ മുറിക്കാതെ നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചു വെക്കുന്നു. വൈകുന്നേരം നിങ്ങൾ വീട്ടിലെത്തുമ്പോൾ- നിങ്ങളെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന കുഞ്ഞിനോടോ പങ്കാളിയോടോ നിങ്ങൾ തട്ടിക്കയറുന്നു. ഇവിടെ സംഭവിക്കുന്നത് എന്താണ്- ബോസ് ഓഫീസിൽ ഇരുന്നു വലിച്ച നൂലിന്റെ പ്രതികരണം നിങ്ങൾ വീട്ടിൽ ആടിത്തീർക്കുന്നു. സത്യത്തിൽ നിങ്ങൾ ഒരു പാവയെപ്പോലെ മറ്റൊരാളുടെ ദേഷ്യം ഏറ്റുവാങ്ങി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുകയാണ്. ഇതൊരു 'സിസ്റ്റം എറർ' ആണെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ല.
📸 ഉദാഹരണം 2- ഡിജിറ്റൽ നൂലുകളിലെ നൃത്തം
സോഷ്യൽ മീഡിയയിൽ നിങ്ങൾ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നു എന്ന് കരുതുക- എന്നിട്ട് മിനിറ്റുകൾ തോറും നിങ്ങൾ അതിലെ ലൈക്കുകളും കമന്റുകളും നോക്കുന്നു. ആരോ ഒരാൾ ഒരു മോശം കമന്റ് ഇട്ടാൽ അല്ലെങ്കിൽ ഉദ്ദേശിച്ച ലൈക്ക് കിട്ടിയില്ലെങ്കിൽ ഉടനെ നിങ്ങളുടെ മൂഡ് മാറുന്നു- നിങ്ങൾ സങ്കടപ്പെടുന്നു. ചിന്തിച്ചു നോക്കൂ- എവിടെയോ ഇരിക്കുന്ന ആരുടെയോ ഒരു വിരൽ ചലനം നിങ്ങളുടെ ഉള്ളിലെ സന്തോഷത്തിന്റെ നൂൽ മുറിച്ചു കളയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്ന നൂലിൽ കെട്ടിയിട്ടിരിക്കുന്ന ഒരു പാവയായി നിങ്ങൾ മാറിയിരിക്കുന്നു. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ അപരിചിതർക്ക് നൽകി നിങ്ങൾ പാവക്കൂത്ത് നടത്തുകയാണ്.
🐍 ഉദാഹരണം 3- ഇല്ലാത്ത പാമ്പിനെ പേടിക്കുന്ന പാവ
ഇരുട്ടിലൂടെ നടക്കുമ്പോൾ വഴിയിൽ കിടക്കുന്ന ഒരു കയർ കണ്ടാൽ നിങ്ങൾ പാമ്പാണെന്ന് കരുതി ഞെട്ടി മാറുന്നു- ഹൃദയമിടിപ്പ് കൂടുന്നു. സത്യത്തിൽ അവിടെ പാമ്പില്ല- പക്ഷേ നിങ്ങളുടെ ഉള്ളിലെ 'പഴയ ഡാറ്റ' ആ കയറിനെ പാമ്പായി പ്രോസസ്സ് ചെയ്യുന്നു. ജീവിതത്തിലെ ഭൂരിഭാഗം പേടികളും ഇതുപോലെ ഇല്ലാത്ത പാമ്പുകളെക്കുറിച്ചുള്ളതാണ്. "നാളെ ജോലി പോകുമോ?"- "രോഗം വരുമോ?"- "മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും?"- ഇത്തരം നൂലുകൾ നിങ്ങളെ എപ്പോഴും ഭയത്തിന്റെ നൃത്തം ആടിപ്പിക്കുന്നു. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പേടിക്കുന്ന ഒരു പാവയായി നിങ്ങൾ ജീവിതം ഹോമിക്കുന്നു.
പരിഹാരം- നൂലുകൾ തിരിച്ചറിയുക
ഈ കുസൃതികളിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേ ഉള്ളൂ- നിങ്ങളെ ആട്ടുന്ന നൂലുകൾ തിരിച്ചറിയുക. ദേഷ്യമോ പേടിയോ വരുമ്പോൾ ഒരു നിമിഷം ഒന്ന് നിൽക്കുക- എന്നിട്ട് ചിന്തിക്കുക- "ദാ- എന്റെ മനസ്സ് വീണ്ടും പഴയ കുസൃതി കാണിക്കുകയാണ്- ഞാൻ മറ്റൊരാളുടെ താളത്തിന് തുള്ളാൻ പോവുകയാണ്". ഈ തിരിച്ചറിവ് ഉണ്ടാകുന്ന നിമിഷം തന്നെ ആ നൂലുകൾ അറുക്കപ്പെടും. മറ്റൊരാൾക്ക് നിങ്ങളുടെ ഉള്ളിലെ ശാന്തത നശിപ്പിക്കാൻ കഴിയില്ല എന്ന് നിങ്ങൾ തീരുമാനിക്കുന്നിടത്ത് പാവക്കൂത്ത് അവസാനിക്കുന്നു. അപ്പോഴാണ് നിങ്ങൾ വെറുമൊരു പാവയല്ലാതെ യഥാർത്ഥ വ്യക്തിത്വമായി മാറുന്നത്.
💡 ഓർക്കുക-
നിങ്ങളുടെ ജീവിതത്തിന്റെ സ്റ്റിയറിംഗ് മറ്റൊരാൾക്ക് വിട്ടുകൊടുക്കുമ്പോഴാണ് നിങ്ങൾ പാവയായി മാറുന്നത്. ഈ നൂലുകൾ അറുത്തെറിഞ്ഞ്- സ്വന്തം താളത്തിൽ ചലിക്കാൻ പഠിക്കുമ്പോഴാണ് നിങ്ങൾ എന്നെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത്. അടുത്ത അധ്യായങ്ങളിൽ- ഈ നൂലുകൾ എങ്ങനെ എന്നെന്നേക്കുമായി അറുത്തെറിയാം എന്ന് നമുക്ക് നോക്കാം.